Friday, September 18, 2009

എന്താണ്‌ നാര്‍കോ പരിശോധന?

കുറ്റാന്വേഷണ ഏജന്‍സികള്‍ തെളിവ് ശേഖരിയ്ക്കാനായി ചെയ്യുന്ന നാര്‍ക്കോ പരിശോധന എന്താണ്? കേരളത്തിലെ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് ഏരെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് നാര്‍കോ പരിശോധന എന്ന ശാസ്‌ത്രീയപരിശോധനാ രീതി.

നാര്‍കോ അനാലിസിസ് എന്ന വാക്ക് നാര്‍ക് എന്ന ഗ്രീക്ക് പദത്തില്‍ നിന്ന് ഉണ്ടായതാണ്. അനസ്തേഷ്യ എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അര്‍ത്ഥം.

കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെടുന്നവരില്‍ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന മരുന്നുകള്‍ കുത്തിവച്ച് സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ഒരു ശാസ്‌ത്രീയ പരിശോധനയാണിത്‌.

ഏറെക്കാലം മുമ്പേതന്നെ കുറ്റാന്വേഷണത്തിനായി നാര്‍കോ പരിശോധനയെ അവലംബിക്കുന്നത്‌ സംബന്ധിച്ച്‌ നിയമജ്ഞര്‍ക്കിടയില്‍ത്തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ഇന്ന്‌ സാധാരണ ജനങ്ങള്‍ക്കുപോലും അറിയാവുന്ന ഒന്നാണ്‌ നാര്‍കോ അനാലിസിസ്‌ എന്ന വാക്ക്‌.

പോളീഗ്രാഫ്‌, ബ്രെയിന്‍മാപ്പിങ്‌, നാര്‍കോ അനാലിസിസ്‌ എന്നിവയാണ്‌ സത്യം പുറത്തുകൊണ്ടുവരാനായി കൂടുതലും അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍. എന്നാല്‍ സത്യം പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ ഇവയില്‍ ഏതിനെങ്കിലും കഴിയുമെന്ന്‌ ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കുറ്റകൃത്യം ചെയ്തതുമായി ബന്ധപ്പെട്ട തെളിവുകളിലേയ്ക്ക് വഴികാട്ടാന്‍ ഇത് സഹായകമാവുമെന്നതിനാലാണ് ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഇത് കുറ്റാന്വേഷണത്തിന്റെ ഭാഗമായി അനുവദിയ്ക്കപ്പെട്ടിട്ടുള്ളത്.

സത്യം പറയാന്‍ പ്രേരിപ്പിക്കുന്ന അഥവാ കള്ളം പറയാനുള്ള വ്യക്തികളുടെ ഭാവനയെയും മാനസിക ചോദനയെയും നിയന്ത്രിക്കുന്ന ട്രൂത്ത്‌ സിറം എന്നറിയപ്പെടുന്ന മരുന്നുകള്‍ കുത്തിവച്ചാണ്‌ നാര്‍കോ പരിശോധന നടത്തുന്നത്‌.

ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം വിലക്കുകളില്ലാതെ ആത്മനിയന്ത്രണമില്ലാതെ സത്യസന്ധമായി ഉത്തരം നല്‍കത്തക്ക രീതിയില്‍ വ്യക്തികളുടെ തലച്ചോറില്‍ രാസമാറ്റമുണ്ടാക്കാന്‍ ഈ മരുന്നുകള്‍ക്ക്‌ കഴിയുന്നു. എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണായും സത്യമാണെന്ന്‌ ഉറപ്പിക്കുകയും വയ്യ.

പലപ്പോഴും സത്യത്തിലേയ്‌ക്കുള്ള ചില സൂചനകള്‍ ഇവയില്‍ നിന്ന് ലഭിയ്ക്കും. ആ പ്രതീക്ഷയിലാണ്‌ പലപ്പോഴും അന്വേഷണോദ്യോഗസ്ഥര്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നത്‌. അല്ലായെങ്കില്‍ ലോക്കപ്പും മര്‍ദ്ദനവും ഒന്നും ഇല്ലാതെ കുറ്റങ്ങള്‍ തെളിയിക്കാന്‍ നാര്‍കോ പരിശോധന ഒന്നുമാത്രം മതിയാകുമായിരുന്നു.

വേണ്ടത്ര മുന്‍കരുതലില്ലാതെ ഈ ട്രൂത്ത്‌ സിറങ്ങള്‍ കുത്തിവച്ചാല്‍ മരണം വരെ സംഭവിക്കാനിടയുണ്ട്‌. അതുകൊണ്ടുതന്നെ ലോകമൊട്ടുക്കും ഇതിന്റെ സ്വീകാര്യതയെക്കുറിച്ച്‌ ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്‌. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ അസ്വാസ്ഥ്യങ്ങളുള്ളവരില്‍ വളരെ സൂക്ഷിച്ചുമാത്രമേ ഈ പിരശോധന നടത്താന്‍ പാടുള്ളു.

1943ല്‍ സ്റ്റീഫന്‍ ഹോഴ്‌സിലി പ്രസിദ്ധീകരിച്ച "നാര്‍കോ അനാലിസിസ്‌ എ ന്യൂ ടെക്‌നിക്‌ ഇന്‍ ഷോര്‍ട്‌ കട്ട്‌ സൈക്കോതെറാപ്പി" എന്ന പുസ്‌തകത്തിലാണ്‌ മനശാസ്‌ത്ര ചികിത്സാരീതിയെന്ന്‌ വിശേഷിപ്പിച്ച്‌ നാര്‍കോ പരിശോധനയെക്കുറിച്ച്‌ ആദ്യമായി പ്രതിപാദിക്കുന്നത്‌. ചില പ്രത്യേക മരുന്നുകള്‍ കുത്തിവയ്‌ക്കുമ്പോള്‍ വ്യക്തികള്‍ തടസ്സമില്ലാതെ എല്ലാകാര്യങ്ങളും സംസാരിക്കുമെന്ന്‌ സന്ദര്‍ഭവശാല്‍ ഹോഴ്‌സിലി കണ്ടെത്തുകയായിരുന്നു.

ഈ മരുന്നുകള്‍ കുത്തിവയ്‌ക്കുന്നയാള്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ പലതിനും കൃത്യമായ ഉത്തരം പറയുന്നതായും കണ്ടെത്തി.

നാര്‍ക്കോട്ടിക്കുകളാണ്‌ പലപ്പോഴും ട്രൂത്ത്‌ സിറങ്ങളായി ഉപയോഗിക്കുന്നത്‌. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച്‌. വേദനയില്ലാതെ ഉറക്കത്തിനും മയക്കത്തിനുമിടയിലുള്ള ഒരവസ്ഥയിലേക്ക്‌ മനുഷ്യനെ എത്തിക്കാന്‍ കഴിവുള്ളവയാണ്‌ നാര്‍ക്കോട്ടിക്കുകള്‍.

മയക്കത്തിനും ഉറക്കത്തിനും ഇടയിലുള്ള ഒരു പ്രത്യേക അവസ്ഥയിലാണ്‌ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ആത്മനിയന്ത്രണമില്ലാതെ വ്യക്തികള്‍ ഉത്തരം നല്‍കുന്നത്‌. മരുന്നിന്റെ സ്വാധീനം നിലച്ചുകഴിഞ്ഞാല്‍ എന്താണ്‌ പറഞ്ഞതെന്ന്‌ ഈ വ്യക്തിക്ക്‌ ഓര്‍ത്തെടുക്കാന്‍ കഴിയില്ല.

1992ല്‍ ടെക്‌സസിലെ റോബര്‍ട്ട്‌ ഹൗസ്‌ എന്ന മാതൃ-ശിശു രോഗവിദഗ്‌ധന്‍ സ്‌കോപോലമിന്‍ എന്ന മരുന്ന്‌ രണ്ട്‌ തടുപുള്ളികളില്‍ ഉപയോഗിച്ചതോടെയാണ്‌ നാര്‍കോ അനാലിസിസ്‌ കുറ്റാന്വേഷണ രംഗത്ത്‌ ഉപയോഗിച്ച്‌ തുടങ്ങിയത്‌.

0 comments: