Friday, September 18, 2009

ക്വട്ടേഷന്‍ സംഘങ്ങളെക്കൊണ്ട് അഹിംസാ പ്രതിജ്ഞയെടുപ്പിക്കുന്നതുപോലെ

അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും ഗംഭീരമായ സംഗതിയെന്തെന്ന് ചോദിച്ചാല്‍ സ്‌കൂള്‍കുട്ടികള്‍ക്കു പോലും സംശയമുണ്ടാകില്ല-നിയമസഭാംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കിയതുതന്നെ.. ആരാണ് അതുണ്ടാക്കിയത്? നിയമസഭാംഗങ്ങള്‍തന്നെ. എന്താണ് പെരുമാറ്റച്ചട്ടത്തിലുള്ളത്? സഭയില്‍ സ്​പീക്കറെ വന്ദിക്കണം, സഭയില്‍ മുദ്രാവാക്യം വിളിക്കരുത്, നടുത്തളത്തിലിറങ്ങരുത്, രേഖകള്‍ വലിച്ചുകീറരുത്, പ്രസംഗങ്ങള്‍ തടസ്സപ്പെടുത്തരുത്, സ്​പീക്കര്‍ പറയുന്നത് അനുസരിക്കണം....രാവിലെ കുളിക്കണം, അലക്കിയ വസ്ത്രം ധരിക്കണം....

ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നോ ? ഇല്ല, ആര്‍ക്കുമില്ല.. ശമ്പളംകൂട്ടാനുള്ള ബില്‍ പാസ്സാക്കുന്ന അതേ ഐക്യത്തോടെ പെരുമാറ്റച്ചട്ടവും അംഗീകരിച്ചു. ആ പറഞ്ഞതൊന്നും ചെയ്യാനല്ലെങ്കില്‍പിന്നെ സഭയില്‍ വരുന്നതെന്തിന് എന്നാരും ചോദിച്ചില്ല.
ബില്‍ പാസ്സാക്കുമ്പോള്‍ എന്താണ് അംഗങ്ങള്‍ ചെയ്തുകൊണ്ടിരുന്നത് ? പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.. സഭയുടെ നടുത്തളത്തില്‍നിന്നുകൊണ്ടുതന്നെ പ്രസംഗം തടസ്സപ്പെടുത്തുക, സ്​പീക്കറെ അനുസരിക്കാതിരിക്കുക, രേഖകള്‍ കീറിയെറിയുക തുടങ്ങിയ ദിനകര്‍മങ്ങള്‍ മുടങ്ങാതെ അനുഷ്ഠിക്കുന്നുണ്ടായിരുന്നു.

ജനപ്രതിനിധികള്‍ക്ക് സഭയില്‍ പെരുമാറ്റച്ചട്ടമുണ്ടാക്കുന്നത്, ക്വട്ടേഷന്‍ സംഘങ്ങളെക്കൊണ്ട് അഹിംസാ പ്രതിജ്ഞയെടുപ്പിക്കുന്നതുപോലെ ഫലപ്രദമാണെന്നാണ് പൊതുവായ അഭിപ്രായം.

0 comments: